കൊല്ലം: വെടിക്കെട്ട് തൊഴിലാളിയുടെ അശ്രദ്ധയാണ് വന്‍ ദുരന്തത്തിലേക്ക് വഴിവെച്ചതെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. തീപ്പൊരി വീണ അമിട്ടുമായി തൊഴിലാളി കമ്പപ്പുരയിലേക്ക് ഓടിക്കയറിയതാണ് ദുരന്തമുണ്ടാക്കിയെന്ന് സംശയമുണ്‍ത്തുന്ന ദൃശ്യങ്ങളാണ് ഏഷ്യനെറ്റ് പുറത്ത് വിട്ടത്. ദുരന്തത്തിനിടയില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇത്തരമൊരു സൂചന നല്‍കുന്നത്.
പുലപുറ്റിങ്ങല്‍ ക്ഷേത്രത്തിന്റെ വലത് ഭാഗത്താണ് ദുരന്തത്തില്‍ തകര്‍ന്ന തെക്കേ കമ്പപ്പുര.കമ്പപ്പുരയില്‍ നിന്ന് കമ്പത്തറയിലേക്ക് കഷ്ടി 20 മീറ്ററാണ് ദൂരം. കമ്പപ്പുരയ്ക്ക് സമീപവും കമ്പപ്പുരയ്ക്കകത്തും എല്ലാം ആളുകള്‍ ഇരുന്ന് വെടിക്കെട്ട് കാണുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെടിക്കെട്ടിന്റെ അവസാന ഘട്ടമായതുകൊണ്ടു തന്നെ തുടര്‍ച്ചയായി അമിട്ടുകള്‍ പൊട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഓരോ അമിട്ടുകളും ഉയരുമ്പോള്‍ പൊട്ടിക്കാനുള്ള അടുത്ത അമിട്ടുമായി വെടിക്കെട്ടുകാര്‍ കമ്പത്തറയിലേക്ക് പോകുന്നതും ദൃശ്യത്തിലുണ്ട്. കൈയില്‍ അമിട്ടുമായി കമ്പത്തറയിലേക്ക് പോകുമ്പോഴാണ്, ഒരമിട്ട് പൊട്ടി പെരുമഴ പോലെ തീപ്പൊരി താഴേക്ക് വീഴുന്നത്. ഇതേസമയം അടുത്ത അമിട്ടുമായി കമ്പത്തറയിലേക്ക് പോകുകയായിരുന്ന വെടിക്കെട്ട് തൊഴിലാളി കൈയിലുള്ള അമിട്ടില്‍ തീപ്പൊരി വീഴാതിരിക്കാന്‍ പിന്തിരിഞ്ഞോടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇയാള്‍ ഓടിക്കയറുന്നത് അമിട്ടുകള്‍ സൂക്ഷിച്ചിരിക്കുന്ന കമ്പപ്പുരയിലേക്കാണ്.ഇതിന് പിന്നാലെയാണ് കമ്പപ്പുര പൊട്ടിത്തെറിച്ചത്.
കൈയിലുള്ള അമിട്ടില്‍ തീപ്പൊരി വീണത് അറിയാതെ ഇയാള്‍ കമ്പപ്പുരയിലേക്ക് ഓടിക്കയറിയതാണ് നൂറോളം പേരുടെ മരണത്തിനിടയാക്കിയ വന്‍ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക സൂചനകള്‍.
No comments:
Post a Comment